
ജോലിക്കായി ഇനിമുതൽ ഇന്ത്യക്കാരെ പരിഗണിക്കരുതെന്നും അമേരിക്കക്കാർക്ക് അവസരം നൽകണമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബുധനാഴ്ച്ച വാഷിങ്ടണിൽ നടന്ന എഐ ഉച്ചകോടിയിൽ സംസാരിക്കവെയാണ് ഗൂഗിൾ മൈക്രോസോഫ്റ്റ് പോലുള്ള വൻകിട ടെക് കമ്പനികളോട് ഇനിമുതൽ ഇന്ത്യക്കാരെ ജോലിക്കായി റിക്രൂട്ട് ചെയ്യരുതെന്ന് ട്രംപ് നിർദ്ദേശിച്ചത്. അമേരിക്കൻ കമ്പനികൾ ചൈനയിൽ ഫാക്ടറികൾ നിർമിക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു. സ്വന്തം രാജ്യത്തുള്ളവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ശ്രമിക്കേണ്ടതെന്നായിരുന്നു ട്രംപിന്റെ നിർദ്ദേശം.
ലോകത്തുള്ള ആർക്കു വേണമെങ്കിലും ജോലി നൽകാമെന്ന ടെക് കമ്പനികളുടെ സമീപനം പല അമേരിക്കയ്ക്കാരേയും അവഗണിക്കപ്പെട്ടവരാക്കിയെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. എന്നാൽ, പ്രസിഡന്റ് ട്രംപിന്റെ കീഴിൽ ഇനി അങ്ങനെ സംഭവിക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്ക നൽകുന്ന ചില സ്വാതന്ത്ര്യങ്ങൾ ഉപയോഗിച്ച് അവർ ലാഭം നേടുകയും എന്നാൽ രാജ്യത്തിന് പുറത്ത് വൻതോതിൽ നിക്ഷേപം നടത്തുകയാണെന്നും അദ്ദേഹം വിമർശിച്ചു.
''നമ്മുടെ പല ടെക് കമ്പനികളും അമേരിക്ക നൽകുന്ന ചില സ്വാതന്ത്ര്യങ്ങൾ ഉപയോഗിച്ച് ലാഭമുണ്ടാക്കുകയും ഇന്ത്യയിൽ നിന്ന് തൊഴിലാളികളെ നിയമിക്കുകയും ചൈനയിൽ ഫാക്ടറികൾ നിർമിക്കുകയും അയർലന്റിൽ ലാഭം പൂഴ്ത്തിവെയ്ക്കുകയും ചെയ്യുന്നു. ഇവിടുത്തെ പൗരൻമാരെ അവർ അവഗണിക്കുകയും ചെയ്തു. ഇത് നിങ്ങൾക്കെല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ്. പ്രസിഡന്റ് ട്രംപിന്റെ കീഴിൽ ആ നാളുകൾ കഴിഞ്ഞു. യുഎസ് ടെക് കമ്പനികൾ പൂർണമായും അമേരിക്കയ്ക്കൊപ്പം നിൽക്കണം. നിങ്ങൾ അമേരിക്കയ്ക്ക് പ്രഥമ പരിഗണന നൽകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾ അത് ചെയ്യണം. അതുമാത്രമാണ് ഞങ്ങളുടെ ആവശ്യം.''-ട്രംപ് പറഞ്ഞു.











